Monday, March 26, 2007

സ്വയം നിര്‍മ്മിതമായ ലാന്റ്‌ സ്കേപ്പുകള്‍: - ഷാ

ഒരു ചിലന്തിവല പോലെ നേര്‍ത്തതായിരുന്നു ഞങ്ങളുടെ സൌഹൃദം. ഒരു സൌഹൃദം പോലുമായില്ല അത്‌. തിരക്കിലലിഞ്ഞു പോകുന്ന ഒരു മുഖം പോലെയൊ, കലശാലാകവാടത്തില്‍ കണ്ടെത്തുന്ന ഒരു സിന്ദൂരക്കുറി പോലെയൊ, ഓര്‍മ്മവെക്കാനാവാതെ പോകുന്ന വെറുമൊരു പരിചയം. എങ്കിലും അവന്റെ ഒരു വാക്ക്‌ നങ്കൂരമിട്ട്‌ നിന്നു, "കപ്പല്‍ കയറിയവന്‍" സ്വയം പരിചയപ്പെടുത്തുന്നതിനിടയില്‍ ഫിറോസ്‌ പറഞ്ഞു നിറുത്തി. തോണികളുടെയും മരത്തടികളുടെയും ചാര നിറമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്നവന്‍ സ്വയം ചിരിച്ചു..........

അവന്‍ കപ്പല്‍ കയറുകയായിരുന്നു. മണല്‍ കൂനകള്‍ നിറഞ്ഞ ഇടത്താവളത്തിലേക്കല്ല. പ്രപഞ്ചത്തിന്റെ കാണാത്ത അതിരുകളിലേക്ക്‌ അലാവുദ്ദീന്റെ അനുസരണയുള്ള ഭൂതം അവനെ മരുകരെയെത്തിച്ചു. നാം കൊണ്ടാടുന്ന ഈ ഭൂമിയില്‍ അവനെ പിടിച്ചു നിറുത്തത്തക്കതായി ഒന്നും അവന്‍ ദര്‍ശിച്ചില്ല. ചിലരങ്ങനെയാണ്‍`. ഒരു സ്ത്രീയിലോ ഭൌതിക വസ്തുക്കലിലോ, അധികാരത്തിന്റെ തടവിലോ സ്വയം തളച്ചിടപ്പെടാതെ അവര്‍ പുതിയ പുതിയ ലോകങ്ങളിലേക്ക്‌ യാത്രയായിക്കൊണ്ടിരിക്കും. കൃത്രിമമെന്ന് നാം കരുതുന്ന, സ്വയം നിര്‍മ്മിതങ്ങളായ ലോകങ്ങളായിരിക്കും അവരുടെ ലാന്റ്‌ സ്കേയ്പ്പുകള്‍. അത്‌ ലഹരിയാകാം, സംഗീത്മാവാം, ചുവടുകളാവാം. നാം കാവ്യത്തെ താളുകളില്‍ പതിപ്പിച്ച്‌ റോയല്‍റ്റി സമ്പാദിച്ച്‌ വീടും വേലക്കാരെയും നേടുമ്പോള്‍ ജീവിതത്തെ കാവ്യാറ്റ്മകമായി അനുഭവിക്കയാണ്‌ ഫിറോസിനെപ്പോലുള്ളവര്‍. അനുഭവത്തിന്റെ അതിര്‍ത്തിക്കല്ലുകള്‍ അവര്‍ എന്നും ഭേദിച്ചുകൊണ്ടിരിക്കും.

പണ്ട്‌, ഒരു മലയാളി കപ്പലില്‍ ഖലാസിയായി കടല്‍ കടക്കുമ്പോല്‍ എന്തിനെന്ന് സ്വയം ചോദിച്ചില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്‌ ഉത്തരമുണ്ടായിരുന്നില്ല. പക്ഷെ, അദ്ദേഹം മടങ്ങിവന്നു. തന്റെ സൃഷ്ടികളിലൂടെ. ഫിറോസിന്‌ നഷ്ടമായത്‌ ഒരു പക്ഷെ ഈ പിന്‍ മടക്കമാവാം. തന്നിലെ സര്‍ഗാത്മകതയെ രൂപങ്ങളിലേക്ക്‌ ഉരുക്കിയൊഴിക്കാന്‍ അദ്ദേഹം കാര്യമായി ശ്രമിച്ചില്ല. അടുത്ത ലോകത്തേക്ക്‌ കടക്കുമ്പോള്‍ ഇവിടെ അവശേഷിപ്പിക്കാന്‍ അനുഭവത്തിന്റെ, വികാരത്തിന്റെ, അറിവിന്റെ ഒരു ലോകത്തെ ഫിറോസ്‌ നമുക്കായി തുറന്നു തന്നില്ല. ഇത്തിരിവട്ടം പോന്ന ഒരു സൂത്രദ്വാരത്തിലൂടെ നാം കണ്ടു പിടിക്കുകയായിരുന്നു. അപൂര്‍വ്വം കവിതകളും ഒറ്റപ്പെട്ട ചില കഥകളും കത്തുകലും. എങ്കിലും ജീവിച്ചിരുന്ന സമയം മുഴുവനും 'ലൈവ്‌' ആകുവാന്‍ ഫിറോസിന്‌ കഴിഞ്ഞിരുന്നുവെന്ന് സഹജീവികള്‍ സാക്ഷപ്പെടുത്തുമ്പോള്‍ നാം ദു:ഖിക്കേണ്ടതില്ല. മരണം ഒരിക്കല്‍ മാത്രം സംഭവിക്കുന്നു എന്ന പ്ഴയ വാക്യം നാം തിരുത്തിക്കഴിഞ്ഞിരിക്കുന്നു.. നമ്മുടെ ജീവിതത്തിലൂടെ.

ഫിറോസിനെപ്പൊലൂള്ളവര്‍ നമ്മിലുണര്‍ത്തുന്ന വിഷമപ്രശ്നം എന്തുകൊണ്ട്‌ അവന്‍ നമ്മെപ്പോലെ ജീവിച്ചില്ല എന്നതാണ്‌. ഇതേ ചോദ്യം തന്നെയാണ്‌ നാം തിരിച്ചറിയപ്പെടാതെ അവരോട്‌ ചോദിക്കുന്നതും. അവര്‍ ജീവിതം കൊണ്ടും മരണം കൊണ്ടും നമുക്കുത്തരമായി നല്‍കുന്നതും.

അക്ഷരങ്ങളുടെ കരുത്തില്ലാത്ത പഴയ ആട്ടിടയന്‍ വെയില്‍ ചായാന്‍ തുടങ്ങുമ്പോള്‍ തന്റെ ഓമനകളുടെ കണ്ണുകളില്‍ കണ്ടെത്തിയിരിക്കാവുന്നതും, യുദ്ധഭൂമിയില്‍ ഒരു സൈനികന്‍ എതിരേ ചൂണ്ടപ്പെട്ട തോക്കിന്‍ ദ്വാരത്തില്‍ ദര്‍ശിക്കുന്നതുമായ ആ പഴയ ചോദ്യത്തെ നമുക്കായി അവശേഷിപ്പിച്ചുകൊണ്ട്‌ ഫിറോസ്‌ ആ വിഷമ വൃത്തത്തെ ഭേദിച്ചിരിക്കുന്നു. ഒരു പിടി ചില്ലിന്‍ തുണ്ടുകളും കുറെ ഫൈബര്‍ കഷണങ്ങളും കൊണ്ട്‌!

- ഷാ
(ഫിറോസ്‌ സ്മരണികയില്‍ നിന്ന്)

2 comments:

അത്തിക്കുര്‍ശി said...

ഒരു ചിലന്തിവല പോലെ നേര്‍ത്തതായിരുന്നു ഞങ്ങളുടെ സൌഹൃദം. ഒരു സൌഹൃദം പോലുമായില്ല അത്‌. തിരക്കിലലിഞ്ഞു പോകുന്ന ഒരു മുഖം പോലെയൊ, കലശാലാകവാടത്തില്‍ കണ്ടെത്തുന്ന ഒരു സിന്ദൂരക്കുറി പോലെയൊ, ഓര്‍മ്മവെക്കാനാവാതെ പോകുന്ന വെറുമൊരു പരിചയം. എങ്കിലും അവന്റെ ഒരു വാക്ക്‌ നങ്കൂരമിട്ട്‌ നിന്നു, "കപ്പല്‍ കയറിയവന്‍" സ്വയം പരിചയപ്പെടുത്തുന്നതിനിടയില്‍ ഫിറോസ്‌ പറഞ്ഞു നിറുത്തി. തോണികളുടെയും മരത്തടികളുടെയും ചാര നിറമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്നവന്‍ സ്വയം ചിരിച്ചു..........

- ഷാ

(ഫിറോസ്‌ സ്മരണികയില്‍ നിന്ന്)

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍