Wednesday, January 31, 2007

ഒരു കുറിപ്പ്‌: ഒ.പി.സുരേഷ്‌

ഞങ്ങളന്ന് ഫാറൂഖിലെ ഔദ്യോഗിക കലാപകാരികളായിരുന്നു. കാമ്പസില്‍ നിന്നും വേറീട്ട ഒരു ജീവിതത്തിന്റെ സാധ്യത പോലും സംശയിച്ചിരുന്ന തനി കാല്‍പനികര്‍. അനുഭാവമോ അനുതാപമോ എന്ന് വ്യവഛേദിക്കാനാവാത്ത ഇളം നിസ്സംഗതയുമായി അവന്‍ ഞങ്ങളില്‍ നിന്ന് മാറി നിന്നു. തന്നിലേക്കിറങ്ങാന്‍ ആരെയുമനുവദിക്കാതെ ആ നിസ്സംഗതക്കപ്പുറവും ഇപ്പുറവും നിന്ന് ഞങ്ങള്‍ നല്ല ചങ്ങാതിമാരായി.

അവന്റെ ലോകം അലൌകികമായിരുന്നു. ജീവിതം ലൌകികവും. തന്റേതല്ലാത്ത ലോകത്ത്‌ വന്നുപെട്ട അസഹിഷ്ണുതയോടെ, സൌമ്യ ദു:ശീലങ്ങളുടെ രസ്ം പകര്‍ന്ന നിലാച്ചിരിയുമായി അവനെന്റെ രാവുകള്‍ വെളുപ്പിച്ചു. ഒരിക്കലും താളം (?) കണ്ടെത്തിയിട്ടില്ലാത്ത ഗിറ്റാറീല്‍ എന്റെ പ്രണയത്തിന്റെ സിംഫണീ സൃഷ്‌ഠിച്ചു. മൌനം കൊണ്ടും മടുപ്പുകള്‍ കൊണ്ടും നിറഞ്ഞ ദിനസരികള്‍ക്കൊടുവില്‍, ഏതെങ്കിലും സായാഹ്നത്തിന്റെ അരികു പറ്റി നടക്കുമ്പോള്‍ അവന്റെ ഏകാന്തതയ്ക്ക്‌ നാവുമുളക്കും. കണ്ണുകളില്‍ ചെറുപ്രായത്തില്‍ കണ്ടുതീര്‍ത്ത അനുഭവക്കടലിന്റെ ആഴം തെളിയും. പൊടുന്നനെ എല്ലാം മായ്ചുകളയുന്ന ഉദാസീന സ്മിതം ചൊരിഞ്ഞ്‌ മറ്റൊരാളാവും.

തൊണ്ട വറ്റിക്കുന്ന ഔഷധികളില്‍ ആധിമറ്റാനാവാതെ, പനയകിടിന്റെ പാല്‍ മധുരത്തില്‍ ദാഹം തീരാതെ, കവിതയുടെ കനലാട്ടം വിനോദമാക്കിയ ഫിറോസ്‌, എനിക്ക്‌ പക്ഷെ അപരിചിതനാണ്‌. അവന്‍ പകരുന്ന ഓര്‍മ്മ നിറയെ വിസ്മയങ്ങളും!.

ഒ.പി.സുരേഷ്‌
15.2.97

.............
(ഫിറോസ്‌ സ്മരണികയില്‍ നിന്നും...)

1 comment:

അത്തിക്കുര്‍ശി said...

ഞങ്ങളന്ന് ഫാറൂഖിലെ ഔദ്യോഗിക കലാപകാരികളായിരുന്നു. കാമ്പസില്‍ നിന്നും വേറീട്ട ഒരു ജീവിതത്തിന്റെ സാധ്യത പോലും സംശയിച്ചിരുന്ന തനി കാല്‍പനികര്‍. അനുഭാവമോ അനുതാപമോ എന്ന് വ്യവഛേദിക്കാനാവാത്ത ഇളം നിസ്സംഗതയുമായി അവന്‍ ഞങ്ങളില്‍ നിന്ന് മാറി നിന്നു. തന്നിലേക്കിറങ്ങാന്‍ ആരെയുമനുവദിക്കാതെ ആ നിസ്സംഗതക്കപ്പുറവും ഇപ്പുറവും നിന്ന് ഞങ്ങള്‍ നല്ല ചങ്ങാതിമാരായി.
...................................