Monday, March 26, 2007

സ്വയം നിര്‍മ്മിതമായ ലാന്റ്‌ സ്കേപ്പുകള്‍: - ഷാ

ഒരു ചിലന്തിവല പോലെ നേര്‍ത്തതായിരുന്നു ഞങ്ങളുടെ സൌഹൃദം. ഒരു സൌഹൃദം പോലുമായില്ല അത്‌. തിരക്കിലലിഞ്ഞു പോകുന്ന ഒരു മുഖം പോലെയൊ, കലശാലാകവാടത്തില്‍ കണ്ടെത്തുന്ന ഒരു സിന്ദൂരക്കുറി പോലെയൊ, ഓര്‍മ്മവെക്കാനാവാതെ പോകുന്ന വെറുമൊരു പരിചയം. എങ്കിലും അവന്റെ ഒരു വാക്ക്‌ നങ്കൂരമിട്ട്‌ നിന്നു, "കപ്പല്‍ കയറിയവന്‍" സ്വയം പരിചയപ്പെടുത്തുന്നതിനിടയില്‍ ഫിറോസ്‌ പറഞ്ഞു നിറുത്തി. തോണികളുടെയും മരത്തടികളുടെയും ചാര നിറമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്നവന്‍ സ്വയം ചിരിച്ചു..........

അവന്‍ കപ്പല്‍ കയറുകയായിരുന്നു. മണല്‍ കൂനകള്‍ നിറഞ്ഞ ഇടത്താവളത്തിലേക്കല്ല. പ്രപഞ്ചത്തിന്റെ കാണാത്ത അതിരുകളിലേക്ക്‌ അലാവുദ്ദീന്റെ അനുസരണയുള്ള ഭൂതം അവനെ മരുകരെയെത്തിച്ചു. നാം കൊണ്ടാടുന്ന ഈ ഭൂമിയില്‍ അവനെ പിടിച്ചു നിറുത്തത്തക്കതായി ഒന്നും അവന്‍ ദര്‍ശിച്ചില്ല. ചിലരങ്ങനെയാണ്‍`. ഒരു സ്ത്രീയിലോ ഭൌതിക വസ്തുക്കലിലോ, അധികാരത്തിന്റെ തടവിലോ സ്വയം തളച്ചിടപ്പെടാതെ അവര്‍ പുതിയ പുതിയ ലോകങ്ങളിലേക്ക്‌ യാത്രയായിക്കൊണ്ടിരിക്കും. കൃത്രിമമെന്ന് നാം കരുതുന്ന, സ്വയം നിര്‍മ്മിതങ്ങളായ ലോകങ്ങളായിരിക്കും അവരുടെ ലാന്റ്‌ സ്കേയ്പ്പുകള്‍. അത്‌ ലഹരിയാകാം, സംഗീത്മാവാം, ചുവടുകളാവാം. നാം കാവ്യത്തെ താളുകളില്‍ പതിപ്പിച്ച്‌ റോയല്‍റ്റി സമ്പാദിച്ച്‌ വീടും വേലക്കാരെയും നേടുമ്പോള്‍ ജീവിതത്തെ കാവ്യാറ്റ്മകമായി അനുഭവിക്കയാണ്‌ ഫിറോസിനെപ്പോലുള്ളവര്‍. അനുഭവത്തിന്റെ അതിര്‍ത്തിക്കല്ലുകള്‍ അവര്‍ എന്നും ഭേദിച്ചുകൊണ്ടിരിക്കും.

പണ്ട്‌, ഒരു മലയാളി കപ്പലില്‍ ഖലാസിയായി കടല്‍ കടക്കുമ്പോല്‍ എന്തിനെന്ന് സ്വയം ചോദിച്ചില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്‌ ഉത്തരമുണ്ടായിരുന്നില്ല. പക്ഷെ, അദ്ദേഹം മടങ്ങിവന്നു. തന്റെ സൃഷ്ടികളിലൂടെ. ഫിറോസിന്‌ നഷ്ടമായത്‌ ഒരു പക്ഷെ ഈ പിന്‍ മടക്കമാവാം. തന്നിലെ സര്‍ഗാത്മകതയെ രൂപങ്ങളിലേക്ക്‌ ഉരുക്കിയൊഴിക്കാന്‍ അദ്ദേഹം കാര്യമായി ശ്രമിച്ചില്ല. അടുത്ത ലോകത്തേക്ക്‌ കടക്കുമ്പോള്‍ ഇവിടെ അവശേഷിപ്പിക്കാന്‍ അനുഭവത്തിന്റെ, വികാരത്തിന്റെ, അറിവിന്റെ ഒരു ലോകത്തെ ഫിറോസ്‌ നമുക്കായി തുറന്നു തന്നില്ല. ഇത്തിരിവട്ടം പോന്ന ഒരു സൂത്രദ്വാരത്തിലൂടെ നാം കണ്ടു പിടിക്കുകയായിരുന്നു. അപൂര്‍വ്വം കവിതകളും ഒറ്റപ്പെട്ട ചില കഥകളും കത്തുകലും. എങ്കിലും ജീവിച്ചിരുന്ന സമയം മുഴുവനും 'ലൈവ്‌' ആകുവാന്‍ ഫിറോസിന്‌ കഴിഞ്ഞിരുന്നുവെന്ന് സഹജീവികള്‍ സാക്ഷപ്പെടുത്തുമ്പോള്‍ നാം ദു:ഖിക്കേണ്ടതില്ല. മരണം ഒരിക്കല്‍ മാത്രം സംഭവിക്കുന്നു എന്ന പ്ഴയ വാക്യം നാം തിരുത്തിക്കഴിഞ്ഞിരിക്കുന്നു.. നമ്മുടെ ജീവിതത്തിലൂടെ.

ഫിറോസിനെപ്പൊലൂള്ളവര്‍ നമ്മിലുണര്‍ത്തുന്ന വിഷമപ്രശ്നം എന്തുകൊണ്ട്‌ അവന്‍ നമ്മെപ്പോലെ ജീവിച്ചില്ല എന്നതാണ്‌. ഇതേ ചോദ്യം തന്നെയാണ്‌ നാം തിരിച്ചറിയപ്പെടാതെ അവരോട്‌ ചോദിക്കുന്നതും. അവര്‍ ജീവിതം കൊണ്ടും മരണം കൊണ്ടും നമുക്കുത്തരമായി നല്‍കുന്നതും.

അക്ഷരങ്ങളുടെ കരുത്തില്ലാത്ത പഴയ ആട്ടിടയന്‍ വെയില്‍ ചായാന്‍ തുടങ്ങുമ്പോള്‍ തന്റെ ഓമനകളുടെ കണ്ണുകളില്‍ കണ്ടെത്തിയിരിക്കാവുന്നതും, യുദ്ധഭൂമിയില്‍ ഒരു സൈനികന്‍ എതിരേ ചൂണ്ടപ്പെട്ട തോക്കിന്‍ ദ്വാരത്തില്‍ ദര്‍ശിക്കുന്നതുമായ ആ പഴയ ചോദ്യത്തെ നമുക്കായി അവശേഷിപ്പിച്ചുകൊണ്ട്‌ ഫിറോസ്‌ ആ വിഷമ വൃത്തത്തെ ഭേദിച്ചിരിക്കുന്നു. ഒരു പിടി ചില്ലിന്‍ തുണ്ടുകളും കുറെ ഫൈബര്‍ കഷണങ്ങളും കൊണ്ട്‌!

- ഷാ
(ഫിറോസ്‌ സ്മരണികയില്‍ നിന്ന്)

Wednesday, January 31, 2007

ഒരു കുറിപ്പ്‌: ഒ.പി.സുരേഷ്‌

ഞങ്ങളന്ന് ഫാറൂഖിലെ ഔദ്യോഗിക കലാപകാരികളായിരുന്നു. കാമ്പസില്‍ നിന്നും വേറീട്ട ഒരു ജീവിതത്തിന്റെ സാധ്യത പോലും സംശയിച്ചിരുന്ന തനി കാല്‍പനികര്‍. അനുഭാവമോ അനുതാപമോ എന്ന് വ്യവഛേദിക്കാനാവാത്ത ഇളം നിസ്സംഗതയുമായി അവന്‍ ഞങ്ങളില്‍ നിന്ന് മാറി നിന്നു. തന്നിലേക്കിറങ്ങാന്‍ ആരെയുമനുവദിക്കാതെ ആ നിസ്സംഗതക്കപ്പുറവും ഇപ്പുറവും നിന്ന് ഞങ്ങള്‍ നല്ല ചങ്ങാതിമാരായി.

അവന്റെ ലോകം അലൌകികമായിരുന്നു. ജീവിതം ലൌകികവും. തന്റേതല്ലാത്ത ലോകത്ത്‌ വന്നുപെട്ട അസഹിഷ്ണുതയോടെ, സൌമ്യ ദു:ശീലങ്ങളുടെ രസ്ം പകര്‍ന്ന നിലാച്ചിരിയുമായി അവനെന്റെ രാവുകള്‍ വെളുപ്പിച്ചു. ഒരിക്കലും താളം (?) കണ്ടെത്തിയിട്ടില്ലാത്ത ഗിറ്റാറീല്‍ എന്റെ പ്രണയത്തിന്റെ സിംഫണീ സൃഷ്‌ഠിച്ചു. മൌനം കൊണ്ടും മടുപ്പുകള്‍ കൊണ്ടും നിറഞ്ഞ ദിനസരികള്‍ക്കൊടുവില്‍, ഏതെങ്കിലും സായാഹ്നത്തിന്റെ അരികു പറ്റി നടക്കുമ്പോള്‍ അവന്റെ ഏകാന്തതയ്ക്ക്‌ നാവുമുളക്കും. കണ്ണുകളില്‍ ചെറുപ്രായത്തില്‍ കണ്ടുതീര്‍ത്ത അനുഭവക്കടലിന്റെ ആഴം തെളിയും. പൊടുന്നനെ എല്ലാം മായ്ചുകളയുന്ന ഉദാസീന സ്മിതം ചൊരിഞ്ഞ്‌ മറ്റൊരാളാവും.

തൊണ്ട വറ്റിക്കുന്ന ഔഷധികളില്‍ ആധിമറ്റാനാവാതെ, പനയകിടിന്റെ പാല്‍ മധുരത്തില്‍ ദാഹം തീരാതെ, കവിതയുടെ കനലാട്ടം വിനോദമാക്കിയ ഫിറോസ്‌, എനിക്ക്‌ പക്ഷെ അപരിചിതനാണ്‌. അവന്‍ പകരുന്ന ഓര്‍മ്മ നിറയെ വിസ്മയങ്ങളും!.

ഒ.പി.സുരേഷ്‌
15.2.97

.............
(ഫിറോസ്‌ സ്മരണികയില്‍ നിന്നും...)

Monday, January 29, 2007

മരണത്തിലേക്ക്‌ കാറോടിച്ചുപോയ കവിയായ എന്റെ സുഹൃത്തിനെക്കുറിച്ച്‌!

ഓര്‍മ്മകളില്‍ നൊമ്പരം മാത്രമവശേഷിപ്പിച്ചുകൊണ്ട്‌ മരണത്തിള്‍ലേക്ക്‌ കാറോടിച്ച്‌ പോയൊരു സുഹൃത്ത്‌. ആല്‍ബത്തിന്റെ താളുകളിലേക്ക്‌ കുറെ ചിത്രങ്ങളും മനസ്സിന്റെ ആഴങ്ങളിലേക്ക്‌ കുറെ ഫ്രെയിമുകളും നല്‍കി അവന്‍ തിരിച്ചു പോയി.

സങ്കല്‍പ്പത്തിലെ തഴ്‌വാരവും, ആട്ടീന്‍പറ്റവും, കോഴിക്കൂട്ടവും, കൃഷിയിടവുമുള്ള ഏതൊ മലമടക്കിലേക്ക്‌.

നോവുകളും നൊമ്പരങ്ങളും ഉള്ളിലൊതുക്കി ജീവിതത്തെ ഒരു ലഹരിയായി കണ്ടവന്‍, ആള്‍ക്കൂട്ടങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവന്‍, 'കാഴ്ചപ്പാടുകളുടെ അന്തരം' എന്നു പറഞ്ഞൊഴിയുന്നവന്‍!

ഒരു വാരാന്ത്യത്തില്‍ സുഹൃത്തിന്റെ ഫ്ലാറ്റിലെത്തിയെപ്പോള്‍ പുതിയ ഒരു താമസക്കാരന്‍. പരിചയം അവിടെ നിന്നായിരുന്നു. അവിടനിന്നങ്ങോട്‌ മരുഭൂമിയിലെ പച്ചപ്പ്‌ തേടുകയായിരുന്നു. ഓരൊ അവധി ദിവസങ്ങളിലും വെള്ളിയാഴ്ചകളിലും.

അസീസിയാബീച്ചിലെ ഒരു വൈകുന്നേരം. പുല്‍തകിടിയുിലിരുന്നുകൊണ്ടായിരുന്നു അവന്‍ ആദ്യമായി വസന്തങ്ങളില്ലാത്ത ഭൂതകാലത്തിന്റെ സ്മൃതികളുമായി മനസ്സുതുറന്നത്‌. ദമാം ബീച്ചിലെ മണലിലിരുന്നാണ്‌ ഞങ്ങള്‍ ചുള്ളിക്കാടിന്റെ 'യാത്രാമൊഴി' ചൊല്ലിയത്‌.
... രാത്രിതന്‍ നിഴലുകള്‍ നമ്മള്‍പണ്ടേപിരിഞ്ഞവര്‍.........

അല്‍-കോബാറിലെ പാര്‍ക്കിലെ സിമെന്റുബഞ്ചിലിലുന്നാണ്‌ അവനൊരു ഇംഗ്ലീഷ്‌ ഗാനം പാടിയത്‌;
" No new years day to celebrate..........
.........I just want to say, i love you..."

ഒരിക്കല്‍ ഒരു സുഹൃത്തിന്റെ മുറിയില്‍ വെച്ചവന്‍ പൊട്ടീപ്പൊട്ടീക്കരഞ്ഞത്‌. മനസ്സിലെ മുറിപ്പാടുകള്‍ കുറച്ചൊക്കെ ഞങ്ങള്‍ക്ക്‌ കാണാനൊത്തതും അന്നാണ്‌.

അവന്‍ വിഭിന്നനായിരുന്നു. ജീവിതത്തെ ചട്ടക്കൂടുകളിലും ടൈം ടേബിളുകളിലും ഒതുക്കാന്‍ അവന്‌ പ്രയാസവും. എന്നിടിം ജോലിയില്‍ അവന്‍ കൃത്യത പാലിച്ചു. തനിക്കായികിട്ടുന്ന വെള്ളിയാഴ്ച്ചകള്‍ അവനാര്‍ക്കും നല്‍കാതെ ഉച്ചവരെ ഉറങ്ങും. കാരണം തലേ രാത്രി പുലരുന്നതുവരെ അവന്‍ തനിക്കിഷ്ടപ്പെട്ട ഫിലിം കാണുകയായിരിക്കും. അവനിഷ്ടപ്പെട്ട പാട്ടും സിനിമയുമൊന്നും മറ്റുള്ളവര്‍കിഷ്ടപ്പെടില്ല. അതുകൊണ്ട്‌ അവരെല്ലാം ഉറങ്ങുന്നതുവരെ അവര്‍ക്ക്‌ കമ്പനിനല്‍കി അതിനു ശെഷം അവന്‍ തന്റെ സിനിമകല്‍ ശബ്ദം കൂറച്ചു കാണുമായിരുന്നു. ഓഫീസില്‍നിന്നും ഇറങ്ങിയ ഉടനെ ടൈപോലും അഴിക്കാതെ ദിനേശ്ബീഡി വലിച്ച്‌ കോബാര്‍തെരുവിലൂടെ നടക്കുന്നതിലെ വൈരുധ്യം സൂചിപ്പിച്ചപ്പോള്‍ തമാശയായിപ്പറഞ്ഞു " ദിനേശിന്റെ പരസ്യ വിഭാഗംകണ്ടാല്‍ നാളെ മുതല്‍ പത്രങ്ങളില്‍ എന്റെ ഫോട്ടോ ആയിരിക്കും'. " മാമുക്കോയക്ക്‌ പകരം ഞാന്‍" അവന്‍ കൂട്ടിച്ചേര്‍ത്തു.

അറബികള്‍ മാത്രം ചെല്ലുന്ന ഹുക്കാകേന്ദ്രങ്ങളില്‍ ഞങ്ങള്‍ പോയിരിക്കും. ഷീഷ വലിക്കും. കട്ടാണ്‍ ചായയും. അറബികള്‍ വിസ്മയത്തോടെ നോക്കും. മിക്കവാറും ആഴ്ചകളില്‍ ഇതു പതിവായിരുന്നു. അറബിപ്പയ്യന്മാര്‍ കടപ്പുറത്ത്‌ കൊട്ടിപ്പാടുമ്പോള്‍ ഫിറോശ്‌ അടുത്ത്‌ ചെന്ന് താളം പീടിച്ചതും പിന്നീട്‌ അവര്‍ക്ക്‌ വേണ്ടി അവന്‍ ഒരുമലയാളം പാട്ടുപാടിയതും, അവര്‍ താളം പിടിച്ചതും. അതു കണ്ട്‌ മറ്റുള്ളവര്‍ അവന്‌ വട്ടാണെന്നു പറഞ്ഞതും എല്ലാം ഇന്നലെ കഴിഞ്ഞതുപോല്‍.

അവനെ ഉള്‍ക്കൊള്ളാന്‍ മനസ്സിലാക്കാന്‍ പലര്‍ക്കും വിഷ്മമായിരുന്നു. അവന്‌ ശരിയെന്നു തോന്നുന്നത്‌ ചെയ്യുവാന്‍ ഔചിത്യബോധം ഒരിക്കലും വിലങ്ങുനില്‍ക്കാറില്ല. ഒരിക്കല്‍ കക്കൂസിലിരിക്കുന്നത്‌ ( ടേപ്പ്‌ റെക്കാര്‍ഡുമായി) ഫ്ലാറ്റില്‍ വാര്‍ത്തയായപ്പോള്‍, പരിഹസിച്ച്‌ പലരും സംസാരിച്ചപ്പോള്‍ " ഈ അടഞ്ഞമുറികളുടെ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍, ഈ മരുഭൂമിയിലെ വിരസതയില്‍, യാന്ത്രികമായ നിങ്ങളുടെ മന്‍സ്സുകള്‍ക്കിടയില്‍, ഞാന്‍ ഞനാവുന്നത്‌ പലപ്പോഴും ഈ ബാത്ത്‌ റൂമിനകത്ത്‌ മാത്രമാണ്‌". ഫിറോശ്‌ പറഞ്ഞത്‌ ഇന്നും മറക്കാനാവുന്നില്ല.


'പഞ്ചഭൂതങ്ങളെ'ക്കുറിച്ച്‌ വാതോരാതെ സംസാരിച്ച്‌ ഹൃദയത്തിലെ മുറിവുകളെ തുറന്നുകാണിക്കുന്നവന്‍. മനസ്സിലെ വിങ്ങലുകളെ പുകച്ചുരുളായി പുറത്തുവിടുന്നവന്‍.

അസീസിയ ബീച്ചിലുരുന്ന് പാലത്തിനപ്പുറം ലഭ്യമാവുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. പിതാവിനെക്കുറിച്ചെന്നും അഭിമാനത്തോടെ സംസാരിച്ച, മാതാവിന്റെ സഹനത്തെക്കുറിച്ചും, പെങ്ങളൊടുള്ള അതിരറ്റസ്നേഹവും സ്വകാര്യ സംഭാഷണങ്ങളില്‍ നിറഞ്ഞുനിന്നു.

പ്രവാസമുപേക്ഷിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ രണ്ടാഴ്ച മുമ്പല്ലേ നമ്മള്‍ പാക്കിസ്ഥാനി റെസ്റ്റോറന്റിന്റെ കോണിലിരുന്ന്` ഹൃദയം തുറന്നത്‌! ബന്ധങ്ങളുടെ വ്യര്‍ഥതയെക്കുറിച്ച്‌, വാക്കുകളുടെ അര്‍ഥരാഹിത്യത്തെക്കുറിച്ച്‌....പിന്നെ, മരുഭൂമിയിലെ യാന്ത്രിക ജീവിതമുപേക്ഷിച്ച്‌ നാട്ടീള്‍ ഏതോ കുന്നിന്‍ ചെരുവില്‍ കൃഷിയും, കോഴികളും, ആടുകളും, കുറെ പുസ്തകവും നിന്റെ ക്യാമറയും ടേപ്‌ റെക്കാര്‍ഡുമാായി ഒതുങ്ങിക്കൂടണമെന്ന സ്വപ്നവും നീ അന്നല്ലേ പറഞ്ഞത്‌?.

'ഷീഷ വലിക്കുന്നത്‌ നിന്റെ ക്യാമറയില്‍ പകര്‍ത്താന്‍ നേരം ഫിലിം തീര്‍ന്നപ്പോള്‍ അടുത്ത ആഴ്ചയെടുക്കാമെന്നു പറഞ്ഞത്‌ പിന്നെ നമുക്ക്‌ കഴിഞ്ഞില്ല!. നീ തന്ന 'യസുനാരി കാവബത്ത'യുടെ നോവല്‍ ഞാന്‍ തിരിച്ചുതന്നിട്ടില്ല!. പഴയ റൂമിലെവിടെയെങ്കിലും ഇപ്പോഴതുകാണുമോ ആവോ?

സുഹൃത്തിന്റെ റൂമില്‍ വെച്ച്‌ നിന്നെക്കണ്ട ആ തണുത്ത വൈകുന്നേരത്തിനും, നിന്റെ 'പുഷ്കിന്‍ താടി'യുള്ള ഫോട്ടോ പത്രത്തില്‍ കണ്ട പ്രഭാതത്തിനുമിടയിലുള്ള അന്തരം വളരെ കുറവായിരുന്നു.

ഒരു യാത്രയില്‍ നീ ചൊല്ലിയ ഇംഗ്ലീഷ്‌ കവിത്‌ ഏതാണ്ടിതുപോലെയായിരുന്നു:

" ദു:ഖത്തിന്റെ മഹാമേരുവായ ഞാനും നീയും
ഇനി ഒരിക്കലും കണ്ടുമുട്ടിയെന്നു വരില്ല
എങ്കിലും
ആകാശത്തു തെളിയുന്ന ഒരു നക്ഷത്രം വഴി
ഒരു നിശബ്ദ സുസ്മേരമ്മെനിക്ക്‌ പകരാന്‍ ശ്രമിക്കുക

...................
എ കെ എ സലാം ( അത്തിക്കുര്‍ശി) ഫിറോസിന്റെ ഗള്‍ഫിലെ സുഹൃത്തായിരുന്നു.

( ഫിറോസ്‌ സ്മരണികയില്‍ നിന്ന്)

Thursday, January 25, 2007

മരിച്ചപ്പ്പ്പോള്‍ അറിഞ്ഞു അവന്‍ കവിയായിരുന്നു: വി. മുസഫര്‍ അഹമ്മദ്‌

1995 നവംബര്‍ 29 ദമാം കോബാര്‍ ഹൈവേയില്‍ കാറപകടത്തില്‍ ഒരു മലയാളീ മരിക്കുന്നു. ഇയാളുടെ ജനനത്തീയതി 24-11-69. അര്‍ദ്ധരാത്രികഴിഞ്ഞുകാണും, ഓടിച്ചു പോയ കാര്‍ ട്രഫിക്‌ പോസ്റ്റിലോ വീളക്കുകാളിലൊ ഇടിക്കുകയായിരുന്നു. മരണം പതിവു പൊലെ തല്‍ക്ഷണം സംഭവിച്ചു. വണ്ടൂര്‍ സ്വദേശിയായ ഫിറോസ്‌ അഹമ്മദാണ്‍ മരിച്ചത്‌. ഒരു സാധാരണ അപകടം എന്നാണ്‍ മിക്കവരും കരുതിയത്‌. ഫിറോസ്‌ ജൊലിചെയ്തിരുന്ന സ്ഥാപനത്തില്‍ അയാള്‍ ഉപയോഗിച്ചിരുന്ന പെര്‍സണല്‍ കമ്പ്യൂട്ടറില്‍ നിന്നും പുറത്ത്‌ വന്ന ചില വിവരങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നവയായിരുന്നു. വണ്ടൂര്‍ സ്വദേശിയായ ഒരാള്‍ കമ്പ്യൂട്ടര്‍ ഓപറേറ്റ്ചെയ്തു. പുറത്ത്‌ വന്നത്‌ Roots(വേരുകള്‍) എന്ന കവിത. പിന്നീട്‌ mother (അമ്മ) എന്ന കവിത. അതിനു ശെഷം തലക്കെട്ടില്ലാത്ത 30 വരിക്കവിത. മൂന്ന് കഥകള്‍. ലോകത്തിന്റെ പല ഭാഗത്തേക്ക്‌ അയച്ചതും അയക്കാനായി വെച്ചതുമായ കത്തുകള്‍. പിന്നെ കമ്പ്യൂട്ടര്‍ ഫ്ലോപ്പിയില്‍ മാഞ്ഞുപോയ എത്രയോ രചനകള്‍! മാഞ്ഞുപോയത്‌ എന്തെന്ന് ആര്‍ക്കും അറിയില്ല. യന്ത്രത്തിനെ ഓര്‍മ്മ സേവ്‌ ചെയ്യാന്‍ ഫിറീസ്‌ അഹമ്മദ്‌ മറന്നിരുന്നു. എത്രയോ കവിതകളെ മായ്ച്ചു കളഞ്ഞ മറവി.

ഫിറോസ്‌ അഹമ്മദിന്റെ രചനകള്‍ മുഴുവന്‍ ഇംഗ്ലീഷിലായിരുന്നു. അവയില്‍ ഭൂരിപക്ഷവും കവിതകള്‍. പക്ഷെ അവനില്‍ കവിതയുണ്ടെന്ന് മനസ്സിലാക്കാന്‍ മരണം തന്നെ വേണ്ടി വന്നു. ആൊംഗ്ലൊ ഇന്‍ഡ്യന്‍ കവിതാ ശാഖയില്‍ വളര്‍ന്ന് പന്തലിക്കാവുന്ന സാധ്യതകള്‍ നിറഞ്ഞയാളായിരുന്നു ഈ ചെറുപ്പക്കാരനെന്ന് ഇപ്പോള്‍ കണ്ടെത്തിയ കവിതകളിലൂടെ മനസ്സിലാക്കാം.

പെരിന്തല്‍മണ്ണ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലെ പഠനകാലത്ത്‌ ലഭിച്ച ഇംഗ്ലീഷ്‌ ഫിറോസ്‌ കൂറ്റെ കൊണ്ടു നടന്നു. പിന്നീട്‌ മമ്പാട്‌ എം.ഇ.എസ്‌ കോളേജില്‍ പി. ഡി.സി പഠിച്ചു. അവിടെത്തന്നെ ബി എസ്സിക്ക്‌ ചേര്‍ന്നെങ്കിലും അത്‌ പൂര്‍ത്തിയാക്കാതെ ഫറോക്ക്‌ കോളേജില്‍ ബി എ ഇംഗ്ലീഷിനു ചേര്‍ന്നു. അതും പൂര്‍ത്തിയാക്കിയില്ല. കര്‍ഷകനാവാന്‍ ആഗ്രഹിച്ച്‌ റബ്ബര്‍ മരങ്ങള്‍ നട്ടു. അതും പൂര്‍തീകരിച്ചില്ല. പിന്നീറ്റ്‌ ഗള്‍ഫില്‍ പോയി. ഓഫീസില്‍ കമ്പൂട്ടര്‍ ഓപറേറ്ററായും ഓഫീസ്‌ സെക്രറ്ററിയായും ജോലി ചെയ്തു. ഇതിനിടയില്‍ മൂന്നു തവണ നാട്ടില്‍ വന്നു. അപ്പോല്‍ യാത്രയിലും ഫൊട്ടോഗ്രാഫിയിലുമായിരുന്നു കമ്പം. അതോടൊപ്പം നന്നായി പാട്ടുപാടുന്നതിലും.

കവിതയില്‍ ഫിറോസ്‌ അഹമ്മദ്‌ പ്രകൃതി ഗായഗന്‍ തന്നെയായിരുന്നു.'എനിക്കോര്‍മ്മകളില്ല, പ്രണയം മാത്രമാണുള്ളതെന്നു' പറഞ്ഞ ഈ യുവാവ്‌ പുതിയ തരത്തിലുള്ള കാല്‍പനിക സിദ്ധാന്തത്തെ ഉദാത്ത്വല്‍ക്കരിക്കാനാണ്‌ ശ്രമിച്ചത്‌. ആസക്തിയുടെ ശിലായുഗങ്ങളില്‍ ഫിറോസ്‌ അഹമ്മദിന്റെ ചൈതന്യ രഥം കവിതമാത്രമായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. 'സ്വപ്നത്തിനു മാത്രമേ സുഗ്ഗന്ധമുള്ളൂവെന്നും അതിനാല്‍ പനിനീര്‍ മണക്കരുതെന്നും' അയാള്‍ ശാഠ്യം പിടിച്ചു. കവിതയില്‍, സംഗീതത്തില്‍, നൃത്തത്തില്‍, ചിത്രത്തില്‍ അത്‌ വിരിയണമെന്നും ഈ കവിക്ക്‌ നിര്‍ബന്ധമായിരുന്നു. പനിനീരിന്റെ അസ്തിത്വമല്ല അതിന്റെ അനുഭവം തന്നെയാണ്‌ വലുതെന്ന സിദ്ധാന്തം കാല്‍പനികതയുടെ പുതിയ ഛായാപടമായി മാരുകയാണ്‌.

-വി.മുസഫര്‍ അഹമ്മദ്‌-
(ഫിറോസ്‌ സ്മരണികയില്‍ നിന്നും)

Wednesday, January 24, 2007

വേരുകള്‍- (ഫീറോസിന്റെ കവിത-3)

വേരുകള്‍....
വേരുകള്‍ വ്യത്യസ്തങ്ങളാണ്‌,
വിഭിന്ന വേരുകളുടെ ഗോപുരങ്ങള്‍
എല്ലാം തുടക്കത്തില്‍ നിന്നും
കിണപൊട്ടിയുയിര്‍ കൊള്ളുന്നവ
അനശ്വരതയിലേക്കാണ്‌ അവ പടരുന്നത്‌
എങ്കിലും, വ്യത്യസ്തത വേരുകളിലുടെ
വേരുകള്‍ ആഴത്തിലേക്ക്‌,
കൂടുതല്‍ ആഴത്തിലേക്ക്‌...........

ആഴങ്ങള്‍........
അമ്മയുടെ ഗര്‍ഭാത്മാവില്‍ നിന്ന് തളിര്‍ക്കുന്നവ
ഇന്നെലെകളില്‍ നിന്നും ശാഖകളും തണലുമായി പരക്കുന്നവ
അവയും പ്രതീക്ഷിക്കുന്നത്‌ നാളെകളെ
സംസ്കാരം, പാരമ്പര്യം, പരിസ്ഥിതി, മിത്തുകള്‍
ചരിത്രം,ഭൂമി, വെള്ളം,അഗ്നി, ഈതര്‍
എന്നിവയിലൂടെ.

രൂപങ്ങള്‍...
അഗ്രവേരുകള്‍, നാരുവേരുകള്‍, വേരുകല്‍ വിഭിന്നങ്ങള്‍
മാതൃവേര്‌, പിതൃവേര്‌, ദേശീയവേരുകള്‍, വെരുകള്‍
രൂപമുള്ളതും, ആത്മീയത കലര്‍ന്നതും
വേരുകള്‍ തുടക്കത്തിലേക്ക്‌ തലനീട്ടുന്നവ
പിന്നീട്‌ വിധിയിലേക്കും അതിനെ തുടര്‍ന്ന്
സമാധിയിലേക്കും പകരുന്നു,

കുശവന്‍........
വേരുകള്‍ വ്യക്തിത്വത്തെ മൂശയിലിട്ട്‌ വാര്‍ക്കുന്നവ
മേല്‍പുരയില്‍ നിന്നുള്ള വേരുകളാണവ
അതൊരു ഘടനക്കായി ശ്രമിക്കുന്നു,
പിന്നീട്‌ സ്വയം തകര്‍ത്ത്‌
പുതുവസ്ത്ര ധാരിയായി പിറകില്‍
വ്യക്തിയുടെ അടുപ്പവും അകല്‍ച്ചയും
ചിന്തയും സ്വപ്നവും ദേശവും
അനുപമതയും കലരുന്നു

ചെടികള്‍........
പരിസ്ഥിതിയുടെ വേരുപടലം മാറ്റത്തിന്റെ ഗാനം പാടുന്നു
ജീവിതം, മരണം, ഹരിത സ്വപ്നങ്ങല്‍, രൂപാന്തരം
എല്ലാം മിശ്രിതമാവുന്നു
ദിവ്യമായ പച്ചമരുന്നുകള്‍ നശ്വരലോകത്തെ മുറിവുകളുണക്കുന്നു
സൌന്ദര്യമാര്‍ന്ന പൂവുകളുടെ വാസസ്ഥാനം
ഭൂമിയിലെ നക്ഷത്രങ്ങളുടെ പര്യായം

വയലുകള്‍..
പച്ചത്തഴപ്പ്‌ അനശ്വര സൌന്ദര്യം
പകൃതിപരം, മൌലികം
കാറ്റ്‌ ഒരോ പച്ചിലയൊടും ശ്രൊംഗരിക്കുന്നു
അപ്പോള്‍ ഹരിത യക്ഷികള്‍ പ്രകൃതിയുടെ
ഇളകിയാടുന്ന മുടിക്കൊപ്പം ന്ര്ത്തംവെക്കുന്നു

ഹരിതം...
കാടിന്റെ പൂര്‍ണ്‍ണ്മായ പച്ച
പശുക്കളുടെ വരദാനം
ഭക്ഷണത്തിന്റെ ആദിമ ഉറവിടം
അവിടെനിന്നും സജീവമായി
വളര്‍ന്ന് പന്തലിച്ച്‌ പുതിയ സ്വപ്നമായി പ്പടരുന്നു

മരണം...
അലറുന്ന തിരക്കുള്ള കടല്‍
വ്യക്തി പേര്‍നഷ്ടപ്പെട്ട്‌
അഭയാര്‍ത്ഥിയാകുന്നിടം
രൂപവും വ്യ്ക്തിത്വവും നഷ്ടപ്പെടുന്നയിടം.
അരൂപിയായി, മഴയില്‍ അലിയുന്ന
ഇടം

സ്വപ്നങ്ങള്‍...
സമുദ്രത്തിലെ അടങ്ങാത്ത തിര
മനസ്സിന്റെ കുലപതിയുടെ
നിയന്ത്രണത്തിലുള്ള പേശികള്‍
പൊന്തി ഉയരുകയും അപ്രത്യക്ഷമാവുകയും
ചെയ്യുന്ന ചന്ദ്രന്‍
എല്ലാം കാണുന്ന മാന്ത്രികന്‍
ഒന്നുമറിയില്ലെന്ന് ഭാവിക്കുന്നവന്‍

ചന്ദ്രന്‍...
സൂര്യന്‍ എന്ന നക്ഷത്രത്തിന്റെ കണ്ണാടി
എന്നിട്ടും ദൈവത്തില്‍നിന്നും വെളിച്ചം
കടം വാങ്ങിയത്‌
അബോധമനസ്സിന്റെ പരകായം
തെളിഞ്ഞ പകലില്‍ അപ്രത്യക്ഷമാവുന്നവന്‍
എന്നാല്‍ അനശ്വര ലോകത്തിലെ
രാജകുമാരന്‍!.
...............

ഫിറോസ്‌ സ്മരണികയില്‍ നിന്ന്

Monday, January 15, 2007

അമ്മേ! (ഫിറോസിന്റെ കവിത -2)

ശൂന്യമാം
ചക്രവാളത്തിലൊരേകാന്ത താരകം
ചൊരിയുന്നു വെളിച്ചമെന്‍ ഹൃദയത്തില്‍
ഏകാന്തം
നിദ്രാവിഹീനം രാത്രിയെ
മെല്ലെത്തലൊടുന്നൊരിളം കാറ്റ്‌
അമ്മേ!
നീയല്ലോ
എന്‍ ജീവിതത്തിന്‍ മഴവില്ല്.
പാലുപോല്‍
കറയറ്റ സ്നേഹത്തിന്നഗധതേ
ആവേശ സമുദ്രമേ, വികാര ശൃംഗമേ
ദു:ഖ പ്രവാഹമേ, വേദനാ വര്‍ഷമേ
നിസ്വാര്‍ത്ഥ സമര്‍പ്പണത്തിന്‍ പ്രതീകമേ
എന്‍ ധ്യാനമേ, അര്‍പ്പണമേ
നിനക്കായല്ലാതെ
ഒരു ശ്രുതിപോലും
മീട്ടില്ലെന്‍ ഗിറ്റാര്‍
നിനക്കായല്ലാതെ
ഇല്ലെന്റെ
ഉണ്മ.
അടിയറ വെക്കുന്നു ഞാന്‍
എന്‍ ക്ഷീണ മര്‍മ്മരങ്ങള്‍
നിനക്ക്‌
നിന്നോട്‌ മാത്രം
എന്റെ നിത്യമാം കടപ്പാട്‌
ഞാന്‍,
ചിറകുതേടിയലയുമൊരാത്മാവ്‌
മറയുന്ന തരകം
മായുന്ന സംഗീതം
ക്ഷയ ചന്ദ്രന്‍
ഗഹനമാം വിഹായുസ്സില്‍
ദിശയറിയാതൊഴുകും
മൃതമേഘം
എന്തായിത്തീരും
ഞാന്‍
നിന്നെ അറിയാന്‍
കാണാന്‍
അന്തര്‍നേത്രങ്ങളാല്‍ വായിക്കുന്ന
ഞാനെത്ര ചുവടുകള്‍ വെച്ച്‌
എത്ര വഴികള്‍ വളഞ്ഞു!
എനിക്കുവേണം
നിന്റെ ദിവ്യമാം കണ്ണുകള്‍
കണ്ണുനീര്‍ തുള്ളീകള്‍
ഞാന്‍
നിന്നെ
കുത്തിനോവിച്ചു
കടന്നല്‍
പ്രാണവേദന
എങ്കിലും
നിന്റെ ഗര്‍ഭാശയത്തില്‍നിന്ന്
പൊങ്ങിവരുന്നു
നിന്നിലേക്ക്‌ തിരിച്ചു വരുന്നു
ഞാന്‍;
നീ ചൊരിഞ്ഞ സ്നേഹസുഗന്ധം
തലമുറകളെ വിളിച്ചുണര്‍ത്താന്‍
കരുതിവെക്കും ഞാന്‍
ശവപ്പറമ്പോളം!

----------------
ഫിറോസ്‌ സ്മരണികയില്‍ നിന്ന്.
*****************************
Original Lines:

Oh.. Mother

A lone star in the empty horizon..
Showering light unto my heart.
A cool breeze patting softly
On a sleepless, lonesome night.
Oh mother...
You are the rainbow of my life.

On vast stretchless depth of milky love
Ocean of passion
Mountain of emotion
Fountain of greif
Rain of Pain
Symbol of true unselfish dedication
My meditation and devotion!

But for you, the strings of this guitar
Would never utter a note
Nor would I be what I am
And what I might be
To thee I surrender these
Faint whisperings,
To thee my obligations for ever..

What would become of me,
A wandering soul
Searching for wings
A fading star
A fainting melody
A waning moon
A dead cloud howning
In the mystic sky
Not knowing his direction!

It took me many footsteps,
Many winding paths,
To come to know you
To raed you
To see you
Through my inner eyes..
You took me through
From a child to a man!

Tear shed from your divine eyes
Belongs to me....
For I have always been a bee
That gifted you with pangs
Of anguish and agony.

Your eye belongs to me..
Pangs of anguish
However,
I drift from your womb,
I come back to thee
Fragments of love flowers
You drizzled on me
I shall carry until my grave
To summon to the posterity!
****************************

Sunday, January 14, 2007

തലക്കെട്ടില്ലാത്ത കവിത

വേനലില്‍ തടാകം
ദുര്‍ബലയായ പെണ്‍കുട്ടിയെപ്പോലെ
അവളുടെ കവിള്‍തടങ്ങളില്‍
അസ്തമയം നിഴല്‍ വീഴ്‌ത്തുന്നു.
അന്നത്തെ അദ്ധ്വാനം കഴിഞ്ഞു
പക്ഷികള്‍ ക്ഷീണിതരായ്‌ മടങ്ങുന്നു
എങ്കിലും അവ തൃപ്തരാണ്‌
മുകളില്‍ വിളറിയ ചന്ദ്രന്‍
മൂടുപടം നീക്കുന്നു
വയലുകളില്‍ പണിനിര്‍ത്തി
കര്‍ഷകരും പ്രത്യാശയോടെ
വീടുകളിലേക്ക്‌ പോകുന്നു.
ഭാര്യ അത്താഴമൊരുക്കിയിട്ടുണ്ട്‌
കുട്ടികള്‍ കളി നിര്‍ത്തിക്കഴിഞ്ഞു
പശുക്കള്‍ യജമാനനെ കാതോര്‍ക്കുന്നു
അകലെ പര്‍വതങ്ങല്‍ നെടുവീര്‍പ്പിടുന്നു
ചന്ദ്രന്‍ വെള്ളിച്ചിറക്‌ വിടര്‍ത്തിക്കഴിഞ്ഞു
കൊഴിഞ്ഞ ഇലപോലെ
വാടി, കരിഞ്ഞ്‌
ദിവസം കടന്നു പോയി.
മലകള്‍ക്കപ്പുറത്ത്‌ നിന്ന്
ച്ന്ദ്രന്‍ ധൃതിപിടിച്ച്‌ കയറി വരുന്നു
മനുഷ്യന്‍ സ്വപ്നം കാണാത്ത ചാരുതയുടെ
മുഖക്കച്ച മാറ്റുന്നു.
വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു കിളി ചിലച്ചു
വാക്പുഷ്പങ്ങള്‍കൊണ്ട്‌
അവന്‍ അവളെ അലങ്കരിക്കുന്നു.
മൊട്ടുകള്‍
സൂര്യന്റെ മന്ത്രികകിരണങ്ങള്‍
കിനാവായ്‌ കാണുകയായ്‌
കാറ്റ്‌ വിവസ്ത്രയായ്‌
മരങ്ങള്‍ക്കിടയില്‍ അലയുന്നു
അവള്‍ തൊടുമ്പോള്‍
നിശ്ബ്ദ വികാരങ്ങളുണരുന്നു
അവളുടെ മര്‍മ്മരം
രതി
ദുര്‍ബലയായ പെണ്‍കുട്ടി
വെള്ളി വസ്ത്രങ്ങളണിഞ്ഞ്‌
കാമുകനെ കാത്തിരിക്കുകയാണ്‌
മധുരിക്കുന്ന ചുമ്പനങ്ങളുമായി
മൂടല്‍മഞ്ഞ്‌ വരും
അവള്‍ അവന്റെ കൈകളിലലിയും
മഞ്ഞുതുള്ളികല്‍കൊപ്പം വിയര്‍ക്കും
താമരകള്‍ കണ്ണ്‍ ചിമ്മും
ഇളം കാറ്റ്‌
അവരെ ലഹരി പിടിപ്പിക്കും
ആരും വിളിക്കാതെ
വിമുഖനായ്‌ പ്രഭാതം വരും
ഉപേക്ഷിക്കപ്പെട്ട ചാരത്തില്‍ നിന്ന്
ഒരു ദിവസം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും
സൂര്യന്റെ വിലക്കോളം
ചന്ദ്രന്‍ വിളറി വിളറി വരും.

------------------
original lines:

The lake in summer, like a frail girl
Her cheeks reflects the sunset.
The birds homeward bound, weary
After a day's toil, still contend.

Up above, the pale moon unveil herself
The farmers too leave their fields
And home they go, where with eager
And expectations waits their family

The wife has cooked the bread
The kids have stopped their play
The cows are waiting for their master
The hens are safe in their huts

Far away, mountains sigh
The moon has spread her silver wing
The day has paased away, melted
Like a leaf that shed from the tree

From yonder the monts, slowly,
with hasty step mount the moon
She unties,unveils the charm
That mortals have never dreamt.

Amongst the trees chanted a bird
He flatters her with flowrey words
The blossoms are still dreamy
awaiting the magic rays of the sun.

The breeze unties her robe
and rome naked through the woods
Her touch arouse the silent passions
Her wisper quite erotic.

The frail girl, in silver clad
Is waiting for her lover.
The mist shall come with
Sweet, blissful kisses.

She would melt in his hands
She would sweat with dews
The lotus shall wink its eye
the breeze shall intoxicate both.

The clouds would veil the moon
The dawn shaal come hastly
like an intruder, reluctant
The clouds shall reflect her shyness.

And again comes the day
Arising from the ashes left
The moon shall grow paler and paler
Until the sun forbids her to stay.

----------------------------------