Monday, January 29, 2007

മരണത്തിലേക്ക്‌ കാറോടിച്ചുപോയ കവിയായ എന്റെ സുഹൃത്തിനെക്കുറിച്ച്‌!

ഓര്‍മ്മകളില്‍ നൊമ്പരം മാത്രമവശേഷിപ്പിച്ചുകൊണ്ട്‌ മരണത്തിള്‍ലേക്ക്‌ കാറോടിച്ച്‌ പോയൊരു സുഹൃത്ത്‌. ആല്‍ബത്തിന്റെ താളുകളിലേക്ക്‌ കുറെ ചിത്രങ്ങളും മനസ്സിന്റെ ആഴങ്ങളിലേക്ക്‌ കുറെ ഫ്രെയിമുകളും നല്‍കി അവന്‍ തിരിച്ചു പോയി.

സങ്കല്‍പ്പത്തിലെ തഴ്‌വാരവും, ആട്ടീന്‍പറ്റവും, കോഴിക്കൂട്ടവും, കൃഷിയിടവുമുള്ള ഏതൊ മലമടക്കിലേക്ക്‌.

നോവുകളും നൊമ്പരങ്ങളും ഉള്ളിലൊതുക്കി ജീവിതത്തെ ഒരു ലഹരിയായി കണ്ടവന്‍, ആള്‍ക്കൂട്ടങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവന്‍, 'കാഴ്ചപ്പാടുകളുടെ അന്തരം' എന്നു പറഞ്ഞൊഴിയുന്നവന്‍!

ഒരു വാരാന്ത്യത്തില്‍ സുഹൃത്തിന്റെ ഫ്ലാറ്റിലെത്തിയെപ്പോള്‍ പുതിയ ഒരു താമസക്കാരന്‍. പരിചയം അവിടെ നിന്നായിരുന്നു. അവിടനിന്നങ്ങോട്‌ മരുഭൂമിയിലെ പച്ചപ്പ്‌ തേടുകയായിരുന്നു. ഓരൊ അവധി ദിവസങ്ങളിലും വെള്ളിയാഴ്ചകളിലും.

അസീസിയാബീച്ചിലെ ഒരു വൈകുന്നേരം. പുല്‍തകിടിയുിലിരുന്നുകൊണ്ടായിരുന്നു അവന്‍ ആദ്യമായി വസന്തങ്ങളില്ലാത്ത ഭൂതകാലത്തിന്റെ സ്മൃതികളുമായി മനസ്സുതുറന്നത്‌. ദമാം ബീച്ചിലെ മണലിലിരുന്നാണ്‌ ഞങ്ങള്‍ ചുള്ളിക്കാടിന്റെ 'യാത്രാമൊഴി' ചൊല്ലിയത്‌.
... രാത്രിതന്‍ നിഴലുകള്‍ നമ്മള്‍പണ്ടേപിരിഞ്ഞവര്‍.........

അല്‍-കോബാറിലെ പാര്‍ക്കിലെ സിമെന്റുബഞ്ചിലിലുന്നാണ്‌ അവനൊരു ഇംഗ്ലീഷ്‌ ഗാനം പാടിയത്‌;
" No new years day to celebrate..........
.........I just want to say, i love you..."

ഒരിക്കല്‍ ഒരു സുഹൃത്തിന്റെ മുറിയില്‍ വെച്ചവന്‍ പൊട്ടീപ്പൊട്ടീക്കരഞ്ഞത്‌. മനസ്സിലെ മുറിപ്പാടുകള്‍ കുറച്ചൊക്കെ ഞങ്ങള്‍ക്ക്‌ കാണാനൊത്തതും അന്നാണ്‌.

അവന്‍ വിഭിന്നനായിരുന്നു. ജീവിതത്തെ ചട്ടക്കൂടുകളിലും ടൈം ടേബിളുകളിലും ഒതുക്കാന്‍ അവന്‌ പ്രയാസവും. എന്നിടിം ജോലിയില്‍ അവന്‍ കൃത്യത പാലിച്ചു. തനിക്കായികിട്ടുന്ന വെള്ളിയാഴ്ച്ചകള്‍ അവനാര്‍ക്കും നല്‍കാതെ ഉച്ചവരെ ഉറങ്ങും. കാരണം തലേ രാത്രി പുലരുന്നതുവരെ അവന്‍ തനിക്കിഷ്ടപ്പെട്ട ഫിലിം കാണുകയായിരിക്കും. അവനിഷ്ടപ്പെട്ട പാട്ടും സിനിമയുമൊന്നും മറ്റുള്ളവര്‍കിഷ്ടപ്പെടില്ല. അതുകൊണ്ട്‌ അവരെല്ലാം ഉറങ്ങുന്നതുവരെ അവര്‍ക്ക്‌ കമ്പനിനല്‍കി അതിനു ശെഷം അവന്‍ തന്റെ സിനിമകല്‍ ശബ്ദം കൂറച്ചു കാണുമായിരുന്നു. ഓഫീസില്‍നിന്നും ഇറങ്ങിയ ഉടനെ ടൈപോലും അഴിക്കാതെ ദിനേശ്ബീഡി വലിച്ച്‌ കോബാര്‍തെരുവിലൂടെ നടക്കുന്നതിലെ വൈരുധ്യം സൂചിപ്പിച്ചപ്പോള്‍ തമാശയായിപ്പറഞ്ഞു " ദിനേശിന്റെ പരസ്യ വിഭാഗംകണ്ടാല്‍ നാളെ മുതല്‍ പത്രങ്ങളില്‍ എന്റെ ഫോട്ടോ ആയിരിക്കും'. " മാമുക്കോയക്ക്‌ പകരം ഞാന്‍" അവന്‍ കൂട്ടിച്ചേര്‍ത്തു.

അറബികള്‍ മാത്രം ചെല്ലുന്ന ഹുക്കാകേന്ദ്രങ്ങളില്‍ ഞങ്ങള്‍ പോയിരിക്കും. ഷീഷ വലിക്കും. കട്ടാണ്‍ ചായയും. അറബികള്‍ വിസ്മയത്തോടെ നോക്കും. മിക്കവാറും ആഴ്ചകളില്‍ ഇതു പതിവായിരുന്നു. അറബിപ്പയ്യന്മാര്‍ കടപ്പുറത്ത്‌ കൊട്ടിപ്പാടുമ്പോള്‍ ഫിറോശ്‌ അടുത്ത്‌ ചെന്ന് താളം പീടിച്ചതും പിന്നീട്‌ അവര്‍ക്ക്‌ വേണ്ടി അവന്‍ ഒരുമലയാളം പാട്ടുപാടിയതും, അവര്‍ താളം പിടിച്ചതും. അതു കണ്ട്‌ മറ്റുള്ളവര്‍ അവന്‌ വട്ടാണെന്നു പറഞ്ഞതും എല്ലാം ഇന്നലെ കഴിഞ്ഞതുപോല്‍.

അവനെ ഉള്‍ക്കൊള്ളാന്‍ മനസ്സിലാക്കാന്‍ പലര്‍ക്കും വിഷ്മമായിരുന്നു. അവന്‌ ശരിയെന്നു തോന്നുന്നത്‌ ചെയ്യുവാന്‍ ഔചിത്യബോധം ഒരിക്കലും വിലങ്ങുനില്‍ക്കാറില്ല. ഒരിക്കല്‍ കക്കൂസിലിരിക്കുന്നത്‌ ( ടേപ്പ്‌ റെക്കാര്‍ഡുമായി) ഫ്ലാറ്റില്‍ വാര്‍ത്തയായപ്പോള്‍, പരിഹസിച്ച്‌ പലരും സംസാരിച്ചപ്പോള്‍ " ഈ അടഞ്ഞമുറികളുടെ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍, ഈ മരുഭൂമിയിലെ വിരസതയില്‍, യാന്ത്രികമായ നിങ്ങളുടെ മന്‍സ്സുകള്‍ക്കിടയില്‍, ഞാന്‍ ഞനാവുന്നത്‌ പലപ്പോഴും ഈ ബാത്ത്‌ റൂമിനകത്ത്‌ മാത്രമാണ്‌". ഫിറോശ്‌ പറഞ്ഞത്‌ ഇന്നും മറക്കാനാവുന്നില്ല.


'പഞ്ചഭൂതങ്ങളെ'ക്കുറിച്ച്‌ വാതോരാതെ സംസാരിച്ച്‌ ഹൃദയത്തിലെ മുറിവുകളെ തുറന്നുകാണിക്കുന്നവന്‍. മനസ്സിലെ വിങ്ങലുകളെ പുകച്ചുരുളായി പുറത്തുവിടുന്നവന്‍.

അസീസിയ ബീച്ചിലുരുന്ന് പാലത്തിനപ്പുറം ലഭ്യമാവുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. പിതാവിനെക്കുറിച്ചെന്നും അഭിമാനത്തോടെ സംസാരിച്ച, മാതാവിന്റെ സഹനത്തെക്കുറിച്ചും, പെങ്ങളൊടുള്ള അതിരറ്റസ്നേഹവും സ്വകാര്യ സംഭാഷണങ്ങളില്‍ നിറഞ്ഞുനിന്നു.

പ്രവാസമുപേക്ഷിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ രണ്ടാഴ്ച മുമ്പല്ലേ നമ്മള്‍ പാക്കിസ്ഥാനി റെസ്റ്റോറന്റിന്റെ കോണിലിരുന്ന്` ഹൃദയം തുറന്നത്‌! ബന്ധങ്ങളുടെ വ്യര്‍ഥതയെക്കുറിച്ച്‌, വാക്കുകളുടെ അര്‍ഥരാഹിത്യത്തെക്കുറിച്ച്‌....പിന്നെ, മരുഭൂമിയിലെ യാന്ത്രിക ജീവിതമുപേക്ഷിച്ച്‌ നാട്ടീള്‍ ഏതോ കുന്നിന്‍ ചെരുവില്‍ കൃഷിയും, കോഴികളും, ആടുകളും, കുറെ പുസ്തകവും നിന്റെ ക്യാമറയും ടേപ്‌ റെക്കാര്‍ഡുമാായി ഒതുങ്ങിക്കൂടണമെന്ന സ്വപ്നവും നീ അന്നല്ലേ പറഞ്ഞത്‌?.

'ഷീഷ വലിക്കുന്നത്‌ നിന്റെ ക്യാമറയില്‍ പകര്‍ത്താന്‍ നേരം ഫിലിം തീര്‍ന്നപ്പോള്‍ അടുത്ത ആഴ്ചയെടുക്കാമെന്നു പറഞ്ഞത്‌ പിന്നെ നമുക്ക്‌ കഴിഞ്ഞില്ല!. നീ തന്ന 'യസുനാരി കാവബത്ത'യുടെ നോവല്‍ ഞാന്‍ തിരിച്ചുതന്നിട്ടില്ല!. പഴയ റൂമിലെവിടെയെങ്കിലും ഇപ്പോഴതുകാണുമോ ആവോ?

സുഹൃത്തിന്റെ റൂമില്‍ വെച്ച്‌ നിന്നെക്കണ്ട ആ തണുത്ത വൈകുന്നേരത്തിനും, നിന്റെ 'പുഷ്കിന്‍ താടി'യുള്ള ഫോട്ടോ പത്രത്തില്‍ കണ്ട പ്രഭാതത്തിനുമിടയിലുള്ള അന്തരം വളരെ കുറവായിരുന്നു.

ഒരു യാത്രയില്‍ നീ ചൊല്ലിയ ഇംഗ്ലീഷ്‌ കവിത്‌ ഏതാണ്ടിതുപോലെയായിരുന്നു:

" ദു:ഖത്തിന്റെ മഹാമേരുവായ ഞാനും നീയും
ഇനി ഒരിക്കലും കണ്ടുമുട്ടിയെന്നു വരില്ല
എങ്കിലും
ആകാശത്തു തെളിയുന്ന ഒരു നക്ഷത്രം വഴി
ഒരു നിശബ്ദ സുസ്മേരമ്മെനിക്ക്‌ പകരാന്‍ ശ്രമിക്കുക

...................
എ കെ എ സലാം ( അത്തിക്കുര്‍ശി) ഫിറോസിന്റെ ഗള്‍ഫിലെ സുഹൃത്തായിരുന്നു.

( ഫിറോസ്‌ സ്മരണികയില്‍ നിന്ന്)

5 comments:

അത്തിക്കുര്‍ശി said...

മരണത്തിലേക്ക്‌ കാറോടിച്ചുപോയ കവിയായ എന്റെ സുഹൃത്തിനെക്കുറിച്ച്‌!

ഓര്‍മ്മകളില്‍ നൊമ്പരം മാത്രമവശേഷിപ്പിച്ചുകൊണ്ട്‌ മരണത്തിള്‍ലേക്ക്‌ കാറോടിച്ച്‌ പോയൊരു സുഹൃത്ത്‌. ആല്‍ബത്തിന്റെ താളുകളിലേക്ക്‌ കുറെ ചിത്രങ്ങളും മനസ്സിന്റെ ആഴങ്ങളിലേക്ക്‌ കുറെ ഫ്രെയിമുകളും നല്‍കി അവന്‍ തിരിച്ചു പോയി.

സങ്കല്‍പ്പത്തിലെ തഴ്‌വാരവും, ആട്ടീന്‍പറ്റവും, കോഴിക്കൂട്ടവും, കൃഷിയിടവുമുള്ള ഏതൊ മലമടക്കിലേക്ക്‌.
..................
'ഷീഷ വലിക്കുന്നത്‌ നിന്റെ ക്യാമറയില്‍ പകര്‍ത്താന്‍ നേരം ഫിലിം തീര്‍ന്നപ്പോള്‍ അടുത്ത ആഴ്ചയെടുക്കാമെന്നു പറഞ്ഞത്‌ പിന്നെ നമുക്ക്‌ കഴിഞ്ഞില്ല!. നീ തന്ന 'യസുനാരി കാവബത്ത'യുടെ നോവല്‍ ഞാന്‍ തിരിച്ചുതന്നിട്ടില്ല!. പഴയ റൂമിലെവിടെയെങ്കിലും ഇപ്പോഴതുകാണുമോ ആവോ?

സുഹൃത്തിന്റെ റൂമില്‍ വെച്ച്‌ നിന്നെക്കണ്ട ആ തണുത്ത വൈകുന്നേരത്തിനും, നിന്റെ 'പുഷ്കിന്‍ താടി'യുള്ള ഫോട്ടോ പത്രത്തില്‍ കണ്ട പ്രഭാതത്തിനുമിടയിലുള്ള അന്തരം വളരെ കുറവായിരുന്നു.

ഒരു യാത്രയില്‍ നീ ചൊല്ലിയ ഇംഗ്ലീഷ്‌ കവിത്‌ ഏതാണ്ടിതുപോലെയായിരുന്നു:

" ദു:ഖത്തിന്റെ മഹാമേരുവായ ഞാനും നീയും
ഇനി ഒരിക്കലും കണ്ടുമുട്ടിയെന്നു വരില്ല
എങ്കിലും
ആകാശത്തു തെളിയുന്ന ഒരു നക്ഷത്രം വഴി
ഒരു നിശബ്ദ സുസ്മേരമ്മെനിക്ക്‌ പകരാന്‍ ശ്രമിക്കുക

...................
എ കെ എ സലാം ( അത്തിക്കുര്‍ശി) ഫിറോസിന്റെ ഗള്‍ഫിലെ സുഹൃത്തായിരുന്നു.

( ഫിറോസ്‌ സ്മരണികയില്‍ നിന്ന്)

G.MANU said...

ഇങ്ങനെയുള്ള പല സുഹ്രുത്തുക്കളും ഉള്ളതുകൊണ്ടാവും വരികളില്‍ ഞാന്‍ വേദന കണ്ടത്‌

ശാലിനി said...

നാളെയെകുറിച്ച് എന്തൊക്കെ മോഹങ്ങളാണ് നമുക്കുള്ളത്. എവിടെ വരെ എത്തും എന്ന് ആര്‍ക്കറിയാം.

ഫിറോസിനെ മറക്കാതെ സൂക്ഷിക്കാന്‍ കുറച്ചു നല്ല സുഹ്രുത്തുക്കള്‍ ഉണ്ടായല്ലോ.

അത്തിക്കുര്‍ശി said...

G.Manu,ശലിനി നന്ദി

G.Manu,
വരികളിലെ വേദന ഇങ്ങനെയുള്ള സുഹൃത്തുക്കള്‍ ഉല്ലതു കൊണ്ടും കൂടിയാണ്‌.

വേരൊരാള്‍ ഉണ്ടായിരുന്നു. കുറെ നല്ല ചിത്രങ്ങളും വരച്ചുവെച്ച്‌ അവന്‍ അതിരപ്പള്ളിയിലേക്ക്‌.. എടുത്തുചാടി. അജ്ഞാതജഡമായി അടക്കം ചെയ്തതിനു ശേഷം മാത്രമാണ്‌ എല്ലാരും അറിഞ്ഞത്‌..

മറ്റോരാള്‍.. രക്താര്‍ബുധം ബാധിച്ച്‌ രക്ഷപ്പെടില്ലേന്ന് വൈദ്യശാസ്ത്രം വിധിച്ചവന്‍.. സന്താപങ്ങള്‍ക്കും സഹതാപങ്ങല്ക്കും ഇടയില്‍ നിന്ന് മരണമൊഴിയായി എനിക്ക്‌ 8 പേജ്‌ നിറയെ കുത്തിക്കുറിച്ചയച്ചവന്‍.. അത്ഭുത്മായി ആള്‍ ഇന്നും ജീവിക്കുന്നു..

പിന്നെ, ഈ ഞാന്‍.. ഒരപകടത്തില്‍ മരിച്ചെന്നു കരുതി അവസാനത്തെ പ്രാര്‍ഥനയും ചൊല്ലിത്തന്ന് അവസനമായി വെള്ളവും തന്ന്... പക്ഷെ നിങ്ങളുടെ ഇടയിലിപ്പ്പ്പൊഴും!


അതെ ശാലിനി, മൊഹങ്ങളും പ്രതീക്ഷകളുമൊക്കെ ഒരു നിമിഷാര്‍ധത്തില്‍ അവസാനിക്കാം.

ഫിറോസ്‌ തിളങ്ങുന്ന ഓരൊര്‍മ്മതന്നെയാണ്‌ ഞങ്ങള്‍ക്ക്‌..

ഏറനാടന്‍ said...

ആത്മസുഹൃത്തിന്റെ വേര്‍പ്പാടിന്‍ നൊമ്പരം അത്തിക്കുറിശ്ശി എഴുതിയത്‌ വല്ലാതെ മനസ്സ്‌ ഇടറിച്ചു. ആംഗലേയകവി മില്‍ട്ടണ്‍ സുഹൃത്തിന്റെ സ്‌മരണയില്‍ രചിച്ച Lycidas എന്ന മഹാകാവ്യം പോലെ വിരഹത നല്ല വരികളില്‍ വിവരിച്ചു.